ഭുവനേശ്വർ: ഒഡീഷയിൽ നിന്നുള്ള ബിജെഡി എം പി ബാലഭദ്ര മാജി ബിജെപിയിൽ ചേർന്നു. ബിജെഡി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാജി ബിജെപിയിൽ ചേർന്നത്. രണ്ട് ദിവസം മുൻപ് ഇദ്ദേഹം ബിജെഡിയിൽ നിന്ന് രാജി വെച്ചിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
ബാലഭദ്ര മാജി നബരംഗ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുമെന്നാണ് സൂചന. സിറ്റിംഗ് എം പിയായ മാജിയുടെ ബിജെപി പ്രവേശനം ബിജെഡിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയും നേതൃദാരിദ്ര്യവും ഏകോപനമില്ലായ്മയും അസ്ഥിരതയും ആശയക്കുഴപ്പവും മുതിർന്ന പല നേതാക്കളെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വികസനനയങ്ങളിൽ ആകൃഷ്ടരായി നിരവധി പ്രമുഖ നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയിലെത്തിയത്.