കൊച്ചി: കെ വി തോമസിനോട് കോൺഗ്രസ്സ് ചെയ്തത് അനീതിയും നിർഭാഗ്യകരവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ
മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രൊഫസർ കെ വി തോമസിന് സീറ്റ് നിഷേധിക്കപ്പെടാൻ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘സോണിയ ഗാന്ധിയുടെ കിച്ചൻ ക്യാബനിറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തിൽ മോദി ആരാധനയുടെ പേരിൽ പുറത്ത് വരും. പലർക്കും ഇനി സീറ്റ് നിഷേധിക്കപ്പെടും.’ അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളും സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികളുമായ ടോം വടക്കനോടും കെ വി തോമസിനോടും കോൺഗ്രസ്സ് നീതികേട് കാട്ടിയത് ചില അവസരങ്ങളിൽ അപ്രിയസത്യങ്ങൾ തുറന്ന് പറഞ്ഞതു കൊണ്ടാണെന്ന് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചകൾ നിലവിലുള്ള സാഹചര്യത്തിലാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
കെ വി തോമസിന് ഏറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെടുകയും ഹൈബി ഈഡൻ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തന്നെ കറിവേപ്പില പോലെ വലിച്ചെറിയാൻ ആർക്കും കഴിയില്ലെന്ന് വികാരാധീനനായി കെ വി തോമസ് പ്രതികരിച്ചിരുന്നു. പൊതുപ്രവർത്തനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബിജെപിയിലേക്ക് പോകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകിയില്ല.