ന്യൂഡല്‍ഹി: എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കങ്ങള്‍ പാളുന്നു. അനുനയ ചര്‍ച്ചയ്ക്കെത്തിയ ചെന്നിത്തലയോട് സീറ്റ് നല്‍കാത്തതിലെ പ്രതിഷേധം എറണാകുളത്തെ സിറ്റിംഗ് എം.പി കൂടിയായ തോമസ് അറിയിച്ചു. കെ.വി.തോമസിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. നിയമസഭ സീറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കെ.വി.തോമസിന് നല്‍കിയതായാണ് വിവരം. യുഡിഎഫ് കണ്വീനറാക്കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍ അനുനയ നീക്കങ്ങളോട് അനുകൂലമായല്ല കെ.വി.തോമസ് പ്രതികരിക്കുന്നത്. സീറ്റ് ലഭിക്കില്ലെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സൂചന പോലും ലഭിച്ചില്ലെന്ന് കെ.വി.തോമസ് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യവും കെ.വി.തോമസ് തള്ളി. ചെന്നിത്തലക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും അല്‍പ്പസമയത്തിനകം തോമസുമായി ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി പദത്തിന് പകരമായി മറ്റ് സ്ഥാനങ്ങള്‍ നല്‍കുമെന്നാണ് വാഗ്ദാനം.
അതേസമയം സോണിയഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായും കെ.വി.തോമസ് ഇന്ന് ചര്‍ച്ച നടത്തിയേക്കും. എറണാകുളത്ത് സീറ്റ് നല്‍കാത്തതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സിറ്റിംഗ് എം.പി കൂടിയായ കെ.വി.തോമസ് വിമര്‍ശിച്ചത്. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയില്ലെന്നായിരുന്നു തോമസിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചന ആരും നല്‍കിയില്ല. എറണാകുളത്തെ ചില കോണ്‍ഗ്രസ് നേതാക്കളാണ് തനിക്ക് സീറ്റ് നീഷേധിച്ചതിന് പിന്നില്‍. താന്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്നും സഹകരിക്കില്ലെന്നും അവര്‍ പറഞ്ഞതായും കെ.വി.തോമസ് ആരോപിച്ചിരുന്നു.