India

ദ്വിദിന മാലിദ്വീപ് സന്ദർശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് മാലിദ്വീപിലേക്ക്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദർശനം. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

വിദേശകാര്യമന്ത്രി ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, ധനകാര്യ വകുപ്പ് മന്ത്രി ഇബ്രാഹിം അമീർ, ആസൂത്രണവകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം, ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീൻ, ഗതാഗത വകുപ്പ് മന്ത്രി ഐഷത്ത് നഹുള, കലാസാംസ്കാരിക വകുപ്പ് മന്ത്രി യുമ്ന മൗമൂൻ, പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ ഹുസ്സൈൻ റഷീദ് ഹസൻ തുടങ്ങി മാലിദ്വീപിലെ വിവിധ വകുപ്പ് മന്ത്രിമാരുമായി സുഷമ സ്വരാജ് ഉഭയകക്ഷി ചർച്ചകൾ നടത്തും.

മന്ത്രിമാർ തമ്മിൽ ഉഭയകക്ഷി ബന്ധത്തിന്റെ സമസത് മേഖലകളെക്കുറിച്ചും സമഗ്രമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.

ഇന്ന് സുഷമ സ്വരാജ് മാലിദ്വീപ് സ്പീക്കർ കാസിം ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച മന്ത്രി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഇമ്രാൻ അബ്ദുള്ളയുമായി ചർച്ചകൾ നടത്തും.

വിശ്വാസത്തിലും സുതാര്യതയിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ ബന്ധമാണ് മാലിയുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാലിദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യയും മാലിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ചൈനയുമായി മാലി വിവിധ കരാറുകളിൽ ഒപ്പ് വയ്ക്കുകയും പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മാലിദ്വീപുമായുള്ള സൗഹാർദ്ദപരമായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.

യമീൻ ഭരണത്തിൻ കീഴിൽ പല ഇന്ത്യക്കാർക്കും മാലി ഭരണകൂടം വിസ നിഷേധിച്ചതും നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇബ്രാഹിം മുഹമ്മദ് സൊളി നേടിയ അട്ടിമറി വിജയം ഇന്ത്യയുടെ വലിയ നയതന്ത്ര നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. ഭരണഘടനാസ്ഥാപനങ്ങളെ ബഹുമാനിക്കാനും പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനും യമീൻ ഭരണകൂടത്തോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

നവംബറിൽ നടന്ന സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലി ദ്വീപിലെത്തിയിരുന്നു. മാലി സമ്പദ്ഘടനയുടെ ദുർബലാവസ്ഥ അന്ന് സൊളി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

വിവിധ മേഖലകളിൽ വികസന സഖ്യങ്ങൾ രൂപീകരിക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ഇരു നേതാക്കളും അന്ന് ചർച്ച നടത്തിയിരുന്നു. മാലിദ്വീപ് ജനതയോട് പുതിയ സർക്കാരിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഡിസംബറിൽ മാലി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യ മാലിക്ക് 1.4 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ദ്വീപ് രാഷ്ട്രമായ മാലിയുടെ സമഗ്രമായ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഈ തുക ചിലവഴിക്കുമെന്ന്  കൃതജ്ഞതയോടെ ഇബ്രാഹിം മുഹമ്മദ് സൊളി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകിയിരുന്നു.

568 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close