കാസര്‍ഗോട്: രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ഡിസിസി ഭാരവാഹികള്‍ ഇന്ന് വൈകുന്നേരം രഹസ്യയോഗം ചേരും. രാജ്മോഹന്‍ ഉണ്ണിത്താനെ മണ്ഡലത്തിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിസിസി അംഗങ്ങള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്.
കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി ഐ രാമറൈയുടെ മകനും കെപിസിസി നിര്‍വ്വാഹകസമിതി അംഗവുമായ സുബ്ബയ്യറൈയുടെ പേരാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ്സ് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഇദ്ദേഹത്തിന്റെ പേര് ഒഴിവാക്കി രാജ്മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഡിസിസിയില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. സുബ്ബയ്യറൈക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നില്‍ ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നിലിന്റെ ഇടപെടലാണെന്ന് ഒരു വിഭാഗം ഡിസിസി ഭാരവാഹികള്‍ ആരോപിക്കുന്നു.
മണ്ഡലത്തില്‍ പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന തങ്ങളുടെ താല്പര്യത്തെ ഡിസിസി അധ്യക്ഷന്‍ അട്ടിമറിച്ചതായാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. സുബ്ബയ്യറൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം പ്രശ്നം വഷളാകാതിരിക്കാന്‍ സംസ്ഥാന നേതൃത്വവും വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. പെരിയ ഇരട്ടക്കൊലപാതകമടക്കം തിരഞ്ഞെടുപ്പില്‍ വന്‍ ചര്ച്ചയാക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന് ഡിസിസിയിലെ ഭിന്നത പുതിയ വെല്ലുവിളിയാവുകയാണ്.