World

ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പ്പ്; ആക്രമണത്തിന് മിനിട്ടുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ വെടിവയ്പ്പ് നടത്തുന്നതിന് മുന്‍പ് അക്രമി ബ്രണ്ടന്റ് ടാറന്റ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് ഇ മെയില്‍ അയച്ചതായി വെളിപ്പെടുത്തല്‍. ആക്രമണ മുന്നറിയിപ്പ് ലഭിച്ച കാര്യം പ്രധാനമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ 74 പേജുള്ള രേഖയില്‍ എവിടെയാകും ആക്രമണം നടത്തുക എന്നതിനെ കുറിച്ച് സൂചന ഉണ്ടായിരുന്നില്ല. സന്ദേശം ലഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസിന് ജാഗ്രത നിര്‍ദേശം കൈമാറി. സുരക്ഷ നടപടികള്‍ കൈക്കൊള്ളാനും പറഞ്ഞിരുന്നു. ആക്രമണത്തിന് ഒന്‍പത് മിനിട്ട് മുന്‍പാണ് സന്ദേശം ലഭിച്ചത്. പക്ഷേ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ വെടിവയ്പ്പ് നടക്കുകയാണെന്ന സന്ദേശം എത്തി. 36 മിനിട്ടിനുള്ളില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് പേര്‍ക്ക് വെടിവയ്പ്പുമായി ബന്ധമില്ലെന്ന് ക്രൈസ്റ്റ് ചര്‍ച്ച് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ബ്രണ്ടന്റ് ടാറന്റ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. അതിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടികള്‍ തുടങ്ങി. ബുധനാഴ്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. 50 പേരാണ് രണ്ട് മസ്ജിദുകളിലായി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

539 Shares
Back to top button
Close