ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ അറബിക്കടലില്‍ സൈനികസന്നാഹം ശക്തമാക്കിയിരുന്നതായി നാവികസേന വൃത്തങ്ങള്‍. ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്ന സമയത്താണ് ആണവ അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും വിമാനങ്ങളും അടക്കമുള്ള സന്നാഹങ്ങള്‍ ഉത്തര അറബിക്കടലില്‍ വിന്യസിച്ചത്. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, ആണവ പോര്‍മുന വഹിക്കുന്ന അന്തര്‍വാഹിനി ചക്ര എന്നിവ അറബിക്കടലിന്റെ തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചിരുന്നുവെന്ന് നാവികസേന വക്താവ് ഡി.കെ.ശര്‍മ്മ വ്യക്തമാക്കി.
നാവികാഭ്യാസത്തില്‍ പങ്കെടുത്തിരുന്ന കപ്പലുകളും വിമാനങ്ങളും ഉള്‍പ്പെടെ അടിയന്തരമായി ഇവിടേക്ക് എത്തിക്കുകയായിരുന്നു. ജനുവരിയില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിക്കേണ്ടിയിരുന്ന സൈനികാഭ്യാസം, പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. നാവികസേനയുടെ 60ഓളം യുദ്ധക്കപ്പലുകള്‍, തീരരക്ഷാസേനയുടെ 12 യുദ്ധക്കപ്പലുകള്‍, 60 യുദ്ധവിമാനങ്ങള്‍ എന്നിവ സൈനികവ്യൂഹത്തിലേക്ക് മാറ്റിയിരുന്നു.