World

ഇദായ് ചുഴലിക്കാറ്റ്; മരണസംഖ്യ 180 കവിഞ്ഞു

ഹരാരെ: ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്‌വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സിംബാബ്‌വേയില്‍ മാത്രം മരണസംഖ്യ 98 ആയി. 217ഓളം പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ്പ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

സിംബാബ്‌വേ, മൊസാംബിക്, മലായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി പതിനഞ്ച് ലക്ഷത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. മൊസാംബിക്കിലെ തുറമുഖ നഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടുത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകളോ തകര്‍ച്ചയോ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

പലയിടങ്ങളിലും വാര്‍ത്ത വിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും കണക്കാക്കിയിട്ടില്ല. റെഡ് ക്രോസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചുഴലിക്കാറ്റില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമല്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും വൈദ്യുതി ടെലിഫോണ്‍ ബന്ധം താറുമാറായി കിടക്കുകയാണ്.

514 Shares
Back to top button
Close