കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശികളായ റോഷനും സംഘവുമാണ് പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ തന്നെയുളള ചിലര്‍ ഉപദ്രവിക്കാറുണ്ടന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇന്നലെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇന്ന് പുലര്‍ച്ചെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. പിന്നീട് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി
ബഹളമുണ്ടാക്കിയപ്പോഴാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്.
ഓച്ചിറ-വലിയകുളങ്ങര റോഡിലാണ് രാജസ്ഥാന് സ്വദേശികളായ ദമ്പതികള്‍ കച്ചവടം നടത്തുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇവര്‍ കഴിഞ്ഞ ഒരു മാസമായി ഈ ഭാഗത്ത് കച്ചവടം നടത്തിവരികെയായിരുന്നു.
ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘം ആളുകള്‍ ഇവരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. തടയാന്‍ ചെന്ന മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചവശരാക്കിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
പ്രദേശ വാസികളായ നാല് യുവാക്കള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ മൊഴി നല്കി.
കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.