ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് റോബര്‍ട്ട് വദ്ര സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വദ്രയെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വദ്ര.
പല അവസരങ്ങള്‍ നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ വദ്ര കൂട്ടാക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി സിങ് കോടതിയെ അറിയിച്ചു.
അതേസമയം, വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 25 ന് കോടതി വീണ്ടും പരിഗണിക്കും. അത് വരെ വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍. വദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പാട്യാല കോടതി ഉത്തരവിട്ടിരുന്നു. എന്ഫോഴ്സ്മെന്റ്റ് ഡയറക്ടേറ്റുമായി സഹകരിക്കണമെന്ന് കോടതി വദ്രയോട് നിര്‍ദ്ദേശിച്ചിരുന്നു.