ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഹോളി ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇത്തവണ തനിക്ക് ഹോളി ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പത് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഫെബ്രുവരി പതിന്നാലിനായിരുന്നു ആക്രമണം.
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നിരവധി ഭീകരന്മാർക്ക് ജീവഹാനി സംഭവിച്ചതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഫെബ്രുവരി 26ന് വ്യക്തമാക്കിയിരുന്നു.
ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പാകിസ്ഥാൻ തള്ളിക്കളഞ്ഞുവെങ്കിലും ഇന്ത്യ സമർപ്പിച്ച തെളിവുകൾക്ക് മുന്നിൽ വ്യക്തമായ ഉത്തരം പറയാൻ പാകിസ്ഥാന് സാധിച്ചിരുന്നില്ല.