പാലക്കാട്: മലബാര്‍ ജില്ലകളില്‍ ചൂട് അനിയന്ത്രിതമായി കൂടുന്നത് സൂര്യാഘാതത്തിന് ഉള്‍പ്പടെ കാരണമായേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 36 മുതല്‍ 40 ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട് മുണ്ടൂരില്‍ തുടര്‍ച്ചയായ നാലാം ദിവസവും 40 ഡിഗ്രിയാണ് ചൂട് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം പാലക്കാടാണ് കൂടിയ ചൂട് അനുഭവപ്പെടുന്നത്. തൃശൂര്‍ വെള്ളാനിക്കരയില്‍ 37.7 ഡിഗ്രിയും പുനലൂരില്‍ 37.6 ഡിഗ്രിയും ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഈ മാസം 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പൊള്ളലേറ്റ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പൊള്ളലേറ്റ കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലം ജില്ലയില്‍ മാത്രം സൂര്യഘാതമേറ്റത് ഏഴ് പേര്‍ക്കാണ്. ഇവിടെ ഒരാള്‍ സൂര്യാഘാതമേറ്റ് മരിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കു എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ചൂടിന്റെ തോത് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. പകല്‍ 11നും മൂന്ന് മണിക്കും ഇടക്കുള്ള സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ച മുതലാണ് കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടായത്. നിലവില്‍ അനുഭവപ്പെടുന്ന ചൂട് മെയ് മാസം വരെ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരിയില്‍ ഏറ്റവും അധികം ചൂടനുഭവപ്പെട്ടത് പോയ നാല് വര്‍ഷങ്ങളിലാണ്.മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ ചൂട് കുറയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്ക് കൂട്ടുന്നത്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയങ്ങള്‍ പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.