ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഔദ്യോഗിക ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സിആര്‍പിഎഫ്. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നഗര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 210 ഭീകരരെ വധിച്ചതായും സിആര്‍പിഎഫ് മേധാവി അറിയിച്ചു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തിലും 40 ശതമാനത്തോളം കുറവ് വരുത്താനായി. നിലവില്‍ രാജ്യത്തിന്റെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമാണ് ഭീഷണിയുള്ളത്. ഇതിന് പുറമെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹോളി ആഘോഷങ്ങള്‍ വേണ്ടെന്നു വക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി പതിന്നാലിനാണ് പുല്‍വാമയില്‍ സി ആര് പി എഫ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി ഭീകരന്മാര്ക്ക് ജീവഹാനി സംഭവിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഫെബ്രുവരി 26ന് വ്യക്തമാക്കിയിരുന്നു.