കൊല്ലം: ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ പതിമൂന്ന്കാരിയായ പെണ്‍കുട്ടിയുമായി പ്രതി ബംഗലൂരുവിലേയ്ക്ക് കടന്നുവെന്ന് പോലീസ്. മറ്റ് പ്രതികള്‍ എറണാകുളം റെയില്വേസ്റ്റേഷന് വരെ ഇവരോടൊപ്പമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതി ബംഗലൂരുവിലേയ്ക്കുള്ള ട്രെയില്‍ ടിക്കറ്റെടുത്തതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.
ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ തന്നെയുളള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
രണ്ട് ദിവസം മുന്നേയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുന്നത്. പിറ്റേന്ന് പുലര്‍ച്ചെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. പിന്നീട് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്.
ഓച്ചിറ-വലിയകുളങ്ങര റോഡിലാണ് രാജസ്ഥാന് സ്വദേശികളായ ദമ്പതികള്‍ കച്ചവടം നടത്തുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇവര്‍ കഴിഞ്ഞ ഒരു മാസമായി ഈ ഭാഗത്ത് കച്ചവടം നടത്തിവരികെയായിരുന്നു.
രാത്രി 11 മണിയോടെയാണ് ഒരു സംഘം ആളുകള്‍ ഇവരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. തടയാന്‍ ചെന്ന മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചവശരാക്കിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയത്.