ഹരാരെ: ഇദായ് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാക്കിയ കെടുതി അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറിയേക്കാമെന്ന് ഐക്യരാഷ്ട്രസഭ. പ്രളയക്കെടുതി ദക്ഷിണപൂര്‍വ്വ ആഫ്രിക്കയിലെ 26 ലക്ഷത്തോളം ജനങ്ങളെ ബാധിച്ചുവെന്നാണ് കണക്കു കൂട്ടല്‍. ദുരന്തത്തിന്റെ വ്യാപ്തിയോ ഭീകരതയോ ഇനിയും വ്യക്തമായിട്ടില്ലെന്നാണ് റെഡ്ക്രോസ് പറയുന്നത്. റെഡ് ക്രോസിന്റെ സഹായത്തോടെയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതേസമയം മൊസാംബിക്കില്‍ മാത്രം മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൊസാംബിക്കിലെ തുറമുഖ നഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടുത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകളോ തകര്‍ച്ചയോ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമല്ല. മൊസാംബിക്കില്‍ പല സ്ഥലങ്ങളും കഴിഞ്ഞ അഞ്ച് ദിവസമായി ഒറ്റപ്പെട്ട് കിടക്കുകയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് 170 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മൊസാംബിക്കില്‍ 17 ലക്ഷം പേരും മലാവിയില്‍ 9.2 ലക്ഷം പേരും താമസിക്കുന്ന ഭാഗങ്ങളില്‍ കൂടിയാണ് ചുഴലി കടന്ന് പോയത്.