ചിറയിന്‍കീഴ്: തിരുവനന്തപുരം അഴൂരില്‍ ലഹരിമരുന്ന് വില്‍പ്പന മാഫിയ സംഘത്തിന്റെ ആക്രമണം. കോളിച്ചിറയില്‍ കഴിഞ്ഞ രാത്രി ഏഴംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗര്‍ഭിണിയടക്കം ആറ് പേര്‍ക്കാണ് ഗുരുതരമായി വെട്ടേറ്റത്. കോളിച്ചിറ തൊടിയില്‍ വീട്ടില്‍ കണ്ണന്, ഭാര്യയും ഗര്‍ഭിണിയുമായ മീര, മീരയുടെ അമ്മ ഉഷ, സഹോദരന് ഉണ്ണി, ബന്ധു ഗിരിജ, ഭര്‍ത്താവ് മോഹനന് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. നാട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ലഹരിമരുന്ന് വില്‍പ്പന സംഘങ്ങള്‍ക്കെതിരെ പൊലീസിലും എക്സൈസിലും പരാതി നല്‍കിയതിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം വീടിന് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വീട്ടുകാരെ മര്‍ദ്ദിച്ചത്. എതിര്‍ത്തവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസില്‍ വിവരം അറിയിക്കരുതെന്ന് നാട്ടുകാരെയും ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ ഇവിടെ നിന്ന് മടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രധാന പ്രതികളും കോളിച്ചിറ സ്വദേശികളുമായ അനീഷ്, കണ്ണന് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. ഇതിന് മുന്‍പ് ഇവിടെ സമാന രീതിയില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. അഴൂരില്‍ മൂന്നാഴ്ച മുന്‍പാണ് കഴക്കൂട്ടം സ്വദേശിയായ വിഷണുവിനെ ലഹരി വില്‍പ്പന സംഘം അടിച്ചു കൊന്നത്. ഈ സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.