അബുദാബി: യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് യുഎഇ ഭരണകൂടത്തിന്റെ ശ്രമമാണ് വനിതാ ജഡ്ജിമാരുടെ നിയമനത്തിന് പിന്നില്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
യുഎഇയുടെ നിയമ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്. ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രതിനിധ്യം ഉറപ്പാക്കുന്നതിന് അടുത്തിടെ യുഎഇ നിയമം കൊണ്ട് വന്നിരുന്നു.