ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികളില്‍ ആക്രമണം നടത്തിയ ബ്രണ്ടന്റ് ടാറന്റ് പിടിയിലായത് മൂന്നാമതൊരു ആക്രമണം നടത്താന്‍ തുടങ്ങിയതിന് മുന്പാണെന്ന് ന്യൂസിലാന്‍ഡ് പൊലീസ്. വീണ്ടുമൊരു ആക്രമണം നടത്താനുള്ള തയാറെടുപ്പിലായിരുന്നു അയാള്‍. എന്നാല്‍ കൂടുതല്‍ ആക്രമണങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ അയാളെ തടയാന്‍ സാധിച്ചതായി പൊലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് പറഞ്ഞു.
അതേസമയം ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണക്കേസിലെ പ്രതിയുടെ പേര് താന്‍ ഒരിക്കലും പറയില്ലെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ഇന്നലെ പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവയാണ് ആര്‍ഡേണിന്റെ വാക്കുകള്‍. ഈ ആക്രമണം കൊണ്ട് അയാള്‍ കുപ്രസിദ്ധിയാണ് ലക്ഷ്യമിട്ടത്. അയാളുടെ പേര് ഞാന്‍ പറയുന്നത് നിങ്ങളൊരിക്കലും കേള്‍ക്കാന്‍ പോകുന്നില്ല. അയാളുടെ പേരിന് പകരം കൊല്ലപ്പെട്ടവരുടെ പേര് പറയാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. അയാള്‍ കൊടും ഭീകരനും, തീവ്രവാദിയുമാണ്. എന്റെ പ്രസംഗത്തില്‍ അയാള്‍ എല്ലായ്പ്പോഴും പേരില്ലാത്തവനായിരിക്കുമെന്നും ആര്‍ഡേണ്‍ പറഞ്ഞു.
മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത്. പിന്നീടാണ് ലിന്‍ഡുവിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടാകുന്നത്. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനക്കെത്തിയ ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 50 പേരാണ് രണ്ട് മസ്ജിദുകളിലായി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.