India

കാവൽക്കാരൻ കള്ളനാണെന്ന പ്രചാരണം കാവൽജോലി ചെയ്യുന്നവരെ അപമാനിക്കാൻ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന പ്രതിപക്ഷപ്രചാരണം രാജ്യമെമ്പാടും കാവൽജോലി ചെയ്യുന്ന സമൂഹത്തെ ആക്ഷേപിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ചക്കാരായ ഈ വ്യക്തികൾ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പ്രചാരകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്താകമാനമുള്ള 25 ലക്ഷം കാവൽജോലിക്കാരോട് ഓഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. ‘രാജ്യത്ത് കാവൽജോലി ചെയ്യുന്നവരോട് പ്രതിപക്ഷത്തിന്റെ ഈ സമീപനം തന്നെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. അങ്ങനെയാണെങ്കിൽ രാജ്യത്തെ കാവൽജോലിക്കാർ എന്ത് പിഴച്ചു?’ പ്രധാനമന്ത്രി ചോദിച്ചു.

‘കാവൽക്കാർക്കെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില സ്ഥാപിത താത്പര്യക്കാർ നടത്തുന്ന അപമാനകരമായ പരാമർശങ്ങൾ  അവർക്ക് വേദനയുണ്ടാക്കിയെങ്കിൽ ഞാൻ അവരോട് മാപ്പ് ചോദിക്കുന്നു. അവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള ഈ വ്യക്തികളുടെ ഭാഷ ദൗർഭാഗ്യകരമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

ഇനിയൊരുകാലത്ത് ഒരു ‘കാംദാർ’(തൊഴിലാളി) രാജ്യത്തിന്റെ പ്രധാനമന്ത്രി ആവുകയാണെങ്കിലും ഈ വ്യക്തികൾ തങ്ങളുടെ പരിഹാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘അവർ എത്ര തവണ വേണമെങ്കിലും നമ്മളെ കള്ളന്മാർ എന്ന് വിളിച്ചുകൊള്ളട്ടെ, പരിഹാസങ്ങളെ നമുക്ക് ആഭരണമാക്കാം.’ പ്രധാനമന്ത്രി പറഞ്ഞു.

‘മേം ഭീ ചൗക്കീദാർ’ എന്ന തന്റെ പ്രചാരണത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഈ കാലത്ത് ടെലിവിഷനിലും സമൂഹ മാദ്ധ്യമങ്ങളിലും ദേശത്തും വിദേശത്തുമെല്ലാം കാവൽക്കാരെ ഇവർ അപഹസിക്കുകയാണ്. എന്നാൽ ഇന്ന് ഓരോ ഭാരതീയനും പറയുന്നു ഞാനും കാവൽക്കാരനാണെന്ന്. ‘മേം ഭീ ചൗക്കീദാർ‘ എന്ന ഈ പ്രചാരണം ഇന്ന് കാലഘട്ടത്തിന്റെ ആവേശമായി മാറിയിരിക്കുകയാണ്.’

വേതന പ്രശ്നങ്ങളെയും കാലാവസ്ഥയെയും പോലും അവഗണിച്ചുകൊണ്ട് ആത്മാർത്ഥമായി തങ്ങളുടെ കർമ്മം ചെയ്യുന്ന കാവൽക്കാരോട് തനിക്ക് ബഹുമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കാരെ ആരെയും തന്റെ സർക്കാർ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. ‘എന്റെയും നിങ്ങളുടെയും ജോലി സമാനമാണ്. ഞാൻ ഒരു ചൗക്കിദാറാണ്. ഈ രാജ്യത്തെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന ചിലരുണ്ട്. കാവലിനാളില്ലെങ്കിൽ അവർ അത് മുതലാക്കും. എന്നാൽ ഒരു കാവൽക്കാരൻ വട്ടം കയറി നിന്നാൽ അവർ മാളത്തിലൊളിക്കും.’ പ്രധാനമന്ത്രി വ്യക്തമാക്കി.

മേം ഭീ ചൗക്കീദാർ പ്രചാരണത്തെ പരിഹസിച്ച പ്രതിപക്ഷത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു, ‘അവർ (പ്രതിപക്ഷം) കാവൽക്കാരെ ബഹുമാനിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ കോടിക്കണക്കിന് രൂപ ഇന്ന് വിദേശത്തേക്ക് കടത്തപ്പെടുമായിരുന്നില്ല. ആ തുക മുഴുവൻ ഈ രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കാമായിരുന്നു.’

ബലാക്കോട്ട് വ്യോമാക്രമണത്തെ സംബന്ധിച്ച ഒരു ചോദ്യത്തിന് ഉത്തരമായി പ്രധാനമന്ത്രി പറഞ്ഞു, ‘എല്ലാവരും നമ്മുടെ സൈനികരുടെ പ്രവൃത്തികളിൽ അഭിമാനം കൊള്ളുകയാണ്. നമ്മുടെ സൈനികർ പാകിസ്ഥാനുള്ളിൽ വ്യോമാക്രമണം നടത്തിയെന്ന വസ്തുത ഈ ‘ടുക്കഡെ-ടുക്കഡെ’ സംഘത്തിന് ദഹിക്കുന്നില്ല.’

‘പാകിസ്ഥാനിൽ ബോംബുകൾ വീഴുമ്പോൾ ഇന്ത്യയ്ക്കുള്ളിൽ ചിലർ കരയുകയാണ്. പാകിസ്ഥാനിൽ ആക്രമണം നടക്കുന്നു, ഇന്ത്യയിൽ ചില ആളുകൾക്ക് വേദനിക്കുന്നു. രാജ്യത്തിന് ഇതെങ്ങനെ പൊറുക്കാൻ കഴിയും?’ വ്യോമാക്രമണത്തിന്റെ സാധുത സംശയിച്ച പ്രതിപക്ഷത്തിന് പരോക്ഷ മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ പാകിസ്ഥാൻ പത്രങ്ങളിലെ തലക്കെട്ടുകളാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

‘അവരുടെ വാക്കുകൾ പാകിസ്ഥാനിലെ റേഡിയോയിലും പത്രങ്ങളിലും വൻ പ്രാധാന്യത്തോടെ വരുന്നു. പാകിസ്ഥാൻ പാർലമെന്റ് പോലും നമ്മുടെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ ആയുധമാക്കുന്നു.’ അദ്ദേഹം പറഞ്ഞു.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close