Kerala

മോദി ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: വിഷ്ണുപുരം ചന്ദ്രശേഖരൻ

തിരുവനന്തപുരം: മോദി ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. രാജ്യം നരേന്ദ്ര മോദിയുടെ കരുത്തുറ്റ ഭരണം വീണ്ടും ആഗ്രഹിക്കുന്നു. വൈദേശിക ശക്തികളില്‍ നിന്നും, രാജ്യത്തിനകത്തെ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുമൊക്കെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സുസ്ഥിരഭരണമാണ് ഇന്ത്യയ്ക്കാവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ വൈകുണ്ഠ സ്വാമികളുടെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കാലത്ത് കിംഗ് മേക്കറായിരുന്ന കാമരാജിന്റെയും ആശയങ്ങള്‍ പിന്‍പറ്റി സാമൂഹ്യനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കേരളാ കാമരാജ് കോണ്‍ഗ്രസ് പുതിയ ചുവടുവയ്പിലേക്ക് കടക്കുകയാണ്. ഇന്ന് മുതല്‍ ഈ പ്രസ്ഥാനം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ്.

ഇടതു-വലതു മുണികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും അതു തുടരാന്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വാഗ്ദാന മിഠായികളും ഉണ്ടായിരുന്നു. പക്ഷേ എന്നും വോട്ടുകുത്താന്‍ മാത്രം നിയോഗിക്കപ്പെട്ടവരായി ചുരുങ്ങാനല്ല ഈ പ്രസ്ഥാനം ജന്മമെടുത്തത്. അധികാര രാഷ്ട്രീയത്തില്‍ പങ്കാളികളായി സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകാന്‍ നാം കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേരളാ കാമരാജ് കോണ്‍ഗ്രസ് എന്‍.ഡി.എയുടെ ഭാഗമാകുന്നതായി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. കാമരാജ് കോണ്‍ഗ്രസിന് അര്‍ഹമായ അംഗീകാരങ്ങള്‍ എന്‍.ഡി.എയില്‍ ലഭിക്കുമെന്നുറപ്പാണ്.

എല്‍.ഡി.എഫും യു.ഡി.എഫും കാലാകാലങ്ങളായി കാട്ടുന്ന അവഗണനയ്ക്ക് മറുപടി നല്‍കേണ്ടതുണ്ട്. കരുത്തുറ്റ നേതൃത്വവും ഉന്നത ദേശീയ വീക്ഷണവുമുള്ള എന്‍.ഡി.എയിലെ അംഗത്വം കാമരാജ് കോണ്‍ഗ്രസിന് കരുത്താകും. പിണറായി വിജയന്റെ ഭരണത്തിന്‍കീഴില്‍ കേരളത്തിലെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ ഒഴികെയുള്ളവര്‍ക്ക് ജീവിതം ദുസഹമായിക്കഴിഞ്ഞു. ശബരിമല ആചാരലംഘനത്തിന് ചൂട്ടുപിടിച്ച സര്‍ക്കാര്‍ യുക്തിവാദം അടിച്ചേല്‍പ്പിക്കാനും ആചാര -അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനും ഇനിയും ശ്രമിക്കുമെന്നുറപ്പാണ്. അതിനെ ചെറുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

കോണ്‍ഗ്രസാകട്ടെ, അധികാര മോഹത്തിന്റെയും അഴിമതിയുടെയും തടവറയില്‍ തന്നെയാണ്. കുടുംബവാഴ്ചയാണ് ആ പാര്‍ട്ടിയുടെ കാതല്‍. അന്ധമായ വ്യക്തിപൂജയല്ല, രാഷ്ട്രത്തിനാവശ്യം. പാകിസ്താന്‍ പിന്തുണയുള്ള ഭീകരവാദികള്‍ പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് കരുത്തുറ്റ തിരിച്ചടിനല്‍കാന്‍ മോദിയുടെ നേതൃത്വത്തിന് കഴിഞ്ഞു. അതിനെ തെരഞ്ഞെടുപ്പു നാടകമെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് കോണ്‍ഗ്രസും സി.പി.എമ്മും ചെയ്തത്.

രാജ്യസ്‌നേഹമുള്ള ആര്‍ക്കും ഈ അവസരത്തില്‍ പിറന്ന നാടിന് പുറംതിരിഞ്ഞു നില്‍ക്കാനാകില്ല. ദേശീയ ജനാധിപത്യ സഖ്യത്തിലൂടെ രാജ്യത്തിന് കരുത്തുറ്റ ഭരണ നേതൃത്വം വീണ്ടുമുണ്ടാകാന്‍, ലോകം ആദരിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയില്‍ തുടരാന്‍ നമുക്ക് ഒത്തുചേര്‍ന്ന് പോരാടാമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close