കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ നുണപരിശോധന പൂര്‍ത്തിയായി. സിനിമ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്, മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, ബന്ധു എം.ജി.വിപിന്‍, സുഹൃത്ത് സി.എ.അരുണ്‍ മണിയുടെ സുഹൃത്തുക്കളായ കെ.സി.മുരുകന്, അനില്‍കുമാര്‍ എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ചെന്നൈ ഫോറന്‍സിക് ലബോറട്ടറി ഉദ്യോഗസ്ഥര്‍ എറണാകുളത്തെ സിബിഐ ഓഫീസിലെത്തിയാണ് പരിശോധന നടത്തിയത്. ലഭ്യമായ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ നുണ പരിശോധനക്ക് വിധേയരാക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സിബിഐക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പരിശോധന നടത്തേണ്ടുന്ന എല്ലാവരും ഇതിനുള്ള സമ്മതം കോടതിയെ അറിയിച്ചിരുന്നു.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ വീടിന് സമീപത്തെ ഒഴിവുകാല വസതിയായ പാഡിയില്‍ കുഴഞ്ഞ് വീണ മണിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി രാസപരിശോധന ഫലം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.