ന്യൂഡല്‍ഹി: വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണ് ഹോളി. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് നിറങ്ങളില്‍ നീരാടിയാണ് ഹോളി ആഘോഷങ്ങള്‍. ഹോളിയോട് അനുബന്ധിച്ചു ഉത്തരേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷങ്ങളെങ്കിലും ദക്ഷിണേന്ത്യയിലും ഹോളി ഇപ്പോള്‍ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആരംഭിച്ചത്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷം. നന്മയുടെ പ്രതീകമായ പ്രഹ്ലാദന് തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള് പ്രഹ്ലാദന് ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളിയുടെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുകയാണ്.
നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായി ഗൂഗിളും ആഘോഷങ്ങളില്‍ പങ്കു ചേരുന്നുണ്ട്.