ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പ്പന നിരോധിച്ചു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടേയും സെമി ഓട്ടോമാറ്റിക് തോക്കുകളുടേയും വില്‍പ്പന അടിയന്തരമായി നിരോധിച്ചു കൊണ്ട് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണാണ് ഉത്തരവിട്ടത്. നിരോധനം നിലവില്‍ വരുന്നതോടെ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായി വരും.
ഇതിന് പിന്നാലെ നിലവില്‍ തോക്കുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത വ്യക്തമാക്കി. മാത്രമല്ല ജനങ്ങള്‍ കൈവശം വച്ചിരിക്കുന്ന തോക്കുകള്‍ തിരികെ വാങ്ങുന്നതിനുള്ള പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇങ്ങനെ തിരികെ നല്കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്കി വാങ്ങുമെന്നാണ് തീരുമാനം. സമയപരിധിക്ക് ശേഷവും തോക്കുകള്‍ മടക്കി നല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടി വരും.
കഴിഞ്ഞ ആഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീംപള്ളികളിലായുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയതിരുന്നു.