വാഷിംങ്ടണ്‍: ഇനി ഇന്ത്യയ്ക്കെതിരെ ഒരു ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന് വലിയവില നല്‍കേണ്ടി വരുമെന്ന് യുഎസിന്റെ അന്ത്യശാസനം. തീവ്രവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാന്‍ പാകിസ്ഥാനോട് യുഎസ് ആഹ്വാനം ചെയ്തു.
പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ തുടങ്ങിയവക്കെതിരെ ശക്തമായ നടപടികളാണ് ലോകരാഷ്ട്രങ്ങള്‍ പാകിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇനിയും നടപടിയെടുക്കാതിരിക്കെയും ഇന്ത്യയില്‍ വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍ പാകിസ്ഥാന് വലിയ വിലനല്‍കേണ്ടിവരും. ഇത് അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക് സംഘര്ഷത്തിലേയ്്ക്ക് വഴിവെയ്ക്കും. ഇത് രണ്ട് രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുല്‍വാമ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് നേരത്തെ യുഎസ് പ്രതികരിച്ചിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്റിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും യുഎസ് പ്രഖ്യാപിച്ചിരുന്നു.