ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറിലെ നാൾവ നിയോജകമണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ ലോക് ദൾ എം എൽ എ രൺബീർ ഗംഗ്വ ബിജെപിയിൽ ചേർന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാറിന്റെയും സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുഭാഷ് ബർളയുടെയും സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
താഴെത്തട്ടുമുതൽ പ്രവർത്തനപരിചയമുള്ള ഗംഗ്വയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണകരമാകുമെന്ന് മനോഹർലാൽ ഘട്ടർ അഭിപ്രായപ്പെട്ടു.
ഒബിസി വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് രൺബീർ ഗംഗ്വ.
ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി മെയ് 12ന് നടക്കും.
രാജ്യത്തെ 543 സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 19ന് നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ.