കൊല്ലം: ഓച്ചിറയില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം രാജസ്ഥാനിലേയ്ക്ക്. ബംഗലൂരുവില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്താനാകാത്തതിനെത്തുടര്ന്നാണ് അന്വേഷണം രാജസ്ഥാനിലേയ്ക്ക് വ്യാപിപ്പിച്ചത്.
കേസിലെ മുഖ്യ പ്രതി റോഷനും പെണ്‍കുട്ടിയും എറണാകുളത്തെത്തി അവിടെ നിന്നും ട്രെയിനില്‍ ബംഗലൂരുവിലേയ്ക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ പോലീസ് ബംഗലൂരുവിലെത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സംഘം രാജസ്ഥാനിലേയ്ക്ക് തിരിച്ചത്.
കഴിഞ്ഞ 18 നാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുന്നത്. പിറ്റേന്ന് പുലര്‍ച്ചെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. പിന്നീട് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്.
ഓച്ചിറ-വലിയകുളങ്ങര റോഡിലാണ് രാജസ്ഥാന് സ്വദേശികളായ ദമ്പതികള്‍ കച്ചവടം നടത്തുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇവര്‍ കഴിഞ്ഞ ഒരു മാസമായി ഈ ഭാഗത്ത് കച്ചവടം നടത്തിവരികെയായിരുന്നു.
രാത്രി 11 മണിയോടെയാണ് ഒരു സംഘം ആളുകള്‍ ഇവരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. തടയാന്‍ ചെന്ന മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചവശരാക്കിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.