പാലക്കാട്: ചെറുപ്പുളശ്ശേരി സിപിഎം ഓഫീസിലെ പീഡനം പ്രതി പ്രകാശനെതിരെ പോലീസ് കേസെടുത്തു. ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് സെക്ഷൻ 376 ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേ സമയം പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
ചെറുപ്പുളശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫിസിലെ പീഡനത്തിൽ പ്രതിയെ സംരക്ഷിക്കാൻ പോലീസ് നിരന്തര ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും, ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നതിന്റെയും, വിഷയം മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 376 ആണ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ പ്രകാശനെതിരെ ചുമത്തിയിരിക്കുന്നത്.
അതേ സമയം പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പാലക്കാട് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ പകർപ്പ് എടുത്തതിന് ശേഷം തുടർ അന്വേഷണം ഉണ്ടാവുമെന്ന് ചെറുപ്പുളശ്ശേരി പോലീസ് വ്യക്തമാക്കി.
പെൺകുട്ടി പരാതിയിൽ ഉറച്ച് നിന്നിട്ടുണ്ടെങ്കിൽ പീഡിപ്പിക്കപ്പെടാൻ ഉണ്ടായ സാഹചര്യങ്ങൾ കേന്ദ്രീകരിച്ച് ആദ്യ അന്വേഷണം നടത്തുമെന്നും ശേഷമേ പ്രതിയുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്നും പോലീസ് വ്യക്തമാക്കി.