തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് വിരമിച്ചു. വിആര്‍എസിനായി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്കി. 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലായിരുന്നു.
അതേസമയം, ജേക്കബ് തോമസ് ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ട്വന്റി-20 കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.
ജോലി രാജിവെച്ച ശേഷമായിരിക്കും മത്സരിക്കുകയെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിലെ ന്യൂനതകള്‍ പരസ്യമായി ചൂണ്ടിക്കാട്ടിയതിനാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്. തുടര്‍ന്ന് സസ്പെന്ഷന് കാലാവധി നീട്ടുകയായിരുന്നു.
ചാലക്കുടി കിഴക്കമ്പലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ് ട്വെന്റി-20. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും പരാജയപ്പെടുത്തി തിളക്കമാര്‍ന്ന വിജയം നേടാന്‍ ട്വെന്റി-20 കൂട്ടായ്മയ്ക്ക് കഴിഞ്ഞിരുന്നു.