ലണ്ടന്‍: ബ്രെക്സിറ്റില്‍ വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലി. ബ്രെക്സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി. നിലവിലുള്ള ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് എംപിമാര്‍ അംഗീകരിച്ചാല്‍ മെയ്-22നാകും ബ്രെക്സിറ്റ്. അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് ബ്രിട്ടന് ധാരണയില്ലാതെ പുറത്ത് പോകണമെന്നാണ് തീരുമാനം. ബ്രെക്സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കാന്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനോട് അനുമതി തേടിയിരുന്നു. തെരേസ മേയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തിയതി നീട്ടിയത്.
യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടെടുത്തവര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ റാലിയില്‍ ഏഴ് ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. എന്നാല്‍ വീണ്ടും ഹിതപരിശോധന നടത്തുന്നതിനെ പ്രധാനമന്ത്രി തെരേസ മേ എതിര്‍ത്തിരുന്നു. ബ്രെക്സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ഹിതപരിശോധനയില്‍ അനുകൂല നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചിരുന്നത്. എന്നാല്‍ വീണ്ടും ഹിതപരിശോധന വേണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആവശ്യം ഉയരുന്നത്.
അടുത്തയാഴ്ചയാണ് ധാരണയില്‍ മൂന്നാം തവണ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് യൂറോപ്യന്‍ യൂണിയനില്‍ തിരഞ്ഞെടുപ്പ്. അതില്‍ പങ്കെടുക്കില്ലെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് മെയ് 22ന് ബ്രെക്സിറ്റ് തീരുമാനിച്ചത്.