ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്താനിരുന്ന വാര്‍ത്തസമ്മേളനം റദ്ദാക്കി. ഇന്ന് വാര്‍ത്തസമ്മേളനം നടത്തുമെന്ന് മുല്ലപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു.
വിഷയത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും, പാര്‍ട്ടിക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന് പുറമെ രാഹുലിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മത്സരിക്കാന്‍ ക്ഷണമുണ്ടെന്നും, അതിനാല്‍ വയനാട്ടില്‍ നില്ക്കുന്ന കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നേതൃത്വം ഇന്നലെ പുറത്ത് വിട്ടിരുന്നു. കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങള്‍ ഒഴിവാക്കിയാണ് ഇക്കുറിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലേക്കുള്ള 38 സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ഭോപ്പാലില്‍ നിന്നും, അശോക് ചവാന് മഹാരാഷ്ട്രയിലെ നാന്ദെഡില്‍ നിന്നും, ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിലെ നൈനിത്താള്‍-ഉദംസിംഗ് നഗറില്‍ നിന്നും ജനവിധി തേടും.