പട്ന: ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷകള്‍ പൊലിഞ്ഞതോടെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി കനയ്യകുമാര്‍. ബിഹാറിലെ ബേഗുസരയില് ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കനയ്യകുമാര്‍. എന്നാല്‍ സീറ്റ് വിഭജനത്തില്‍ സിപിഎം, സിപിഐ കക്ഷികളെ മഹാസഖ്യം പൂര്‍ണമായി തഴയുകയായിരുന്നു. ഇതോടെയാണ് ഇടത് പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ആര്.ജെ.ഡിക്കാണ് ബേഗുസരായ് മണ്ഡലം ലഭിച്ചത്. തന്‍വീര്‍ ഹുസൈന് ആയിരിക്കും ആര്‍ജെഡിയില്‍ നിന്നും ഇവിടെ മത്സരിക്കുക. ഇടതിന് വേരോട്ടമില്ലാത്ത ബിഹാറില്‍ കനയ്യകുമാറിനെ നിര്‍ത്തിയാല്‍ തിരിച്ചടിയാകുമെന്ന കണക്കു കൂട്ടലിലാണ് സീറ്റ് നല്‍കാതിരുന്നത്.
സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ തങ്ങള്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ബിഹാറിലെ സിപിഐ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.