ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി പി.സി.ചാക്കോ. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായ രീതിയിലല്ല നടന്നതെന്ന് പി.സി.ചാക്കോ പറഞ്ഞു. ഗ്രൂപ്പ് വീതം വയ്ക്കലാണ് ഇവിടെ നടന്നത്. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് അപ്പുറം പോകാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.
വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിഷയത്തോട് രാഹുല്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയാകുമെന്ന മറുപടി രാഹുല്‍ നല്‍കിയെന്ന് കരുതുന്നില്ല. രാഹുല്‍ സമ്മതിച്ചെന്ന് നേതാക്കള്‍ ആരെങ്കിലും പറഞ്ഞെങ്കില്‍ അത് വസ്തുതാപരമല്ല. ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന വിമര്‍ശനം ശരിയല്ലെന്നും പി.സി.ചാക്കോ പറഞ്ഞു.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ അഭ്യര്‍ത്ഥിച്ച് രാഹുലിന് ക്ഷണമുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. കര്‍ണാടകയിലും തമിഴ്നാട്ടിലുമെല്ലാം രാഹുലിനായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വയനാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും പി.സി.ചാക്കോ വ്യക്തമാക്കി.