കോട്ടയം: ഏറ്റുമാനൂര്‍ കാണക്കാരിയില്‍ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മ ജോസഫിന്റെ(80) മൃതദേഹമാണ് വീടിന് മുന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മകന് ബിനുവിനോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. മൃതദേഹം കണ്ട വിവരം ബിനു തന്നെയാണ് പഞ്ചായത്തംഗത്തെ വിളിച്ച് അറിയിച്ചത്. പഞ്ചായത്ത് അംഗമാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.
അമ്മയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടുവെന്നാണ് മൊഴി. മൃതദേഹം പൂര്‍ണമായും കത്തിയ നിലയിലാണ്. മകന് ബിനുവില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ സംഭവത്തില്‍ വ്യക്തത വരികയുള്ളു എന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു. പ്രാഥമിക ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.