പൊടി മൂടിയ അന്തരീക്ഷമാണ് യു.എ.ഇയിൽ പലയിടത്തും. ചിലയിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷവും മഴക്കുള്ള സാദ്ധ്യതയുമുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ ഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി . വാഹനമോടിക്കുന്നതിനിടയിൽ മഴയുടെയും പൊടിക്കാറ്റിന്റെയും വീഡിയോ ദൃശ്യം പകർത്തുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും പോലീസ് നിർദേശിക്കുന്നു. ശക്തമായ പൊടിക്കറ്റുള്ള സ്ഥലങ്ങളിൽ ആളുകൾ തുറസായ സ്ഥലങ്ങളിൽ ഇറങ്ങുന്നത് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാവുമെന്ന് പോലീസിന്റെ മുന്നറിപ്പുണ്ട്. അമിതവേഗവും വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതും അപകടമുണ്ടാക്കുമെന്നും പോലീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ബോധവത്കരണം ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി.