തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇടത് പക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിക്കെതിരേ ഇടത് മുന്നണി സ്ഥാനാർത്ഥിയെ നിർത്തുന്നത് ഹിമാലയൻ മണ്ടത്തരമാണ് .രാഹുൽ ഗാന്ധി മത്സരിച്ചാൽ 20 സീറ്റും ഇടത് മുന്നണി തോൽക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, അമേഠിക്ക് പുറമെ രാഹുൽ വയനാട്ടിലും മൽസരിക്കുന്നത് ഭയം മൂലമാണെന്ന ചിലരുടെ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. കോൺഗ്രസ് ഉയർത്തുന്ന ആശയങ്ങൾക്ക് ഉറച്ച പിന്തുണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നുണ്ട്. രാഹുലിന്ർറെ മത്സരത്തിലൂടെയുളള സാന്നിധ്യം ഇവിടങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.
എന്നാൽ, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. രാഹുലിന്റെ വരവ് സംസ്ഥാന കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ.