കോയമ്പത്തൂര്‍: പത്തനംതിട്ടയില്‍ നിന്നും ബംഗലൂരുവുലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 26 പേര്‍ക്ക് പരിക്ക്. തമിഴ്നാട്ടിലെ തിരുപ്പൂരിനും അവിനാശിക്കും ഇടയിലുളള ബൈപ്പാസിലെ മേല്‍പ്പാലത്തിന് മുകളില്‍ നിന്നും ബസ് താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് അവിനാശി പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ കോവൈ മെഡിക്കല്‍ കോളേജിലും തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പത്തനംതിട്ട, തൃശൂര്‍ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ നിന്നും കൈവരികള്‍ തകര്‍ത്ത് താഴേയ്ക്ക് പതിക്കുകയായിരുന്നു. ബസിന്റെ സീറ്റിനിടയില്‍ കുടുങ്ങിക്കിടന്ന കുട്ടികളടക്കമുള്ളവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.