കാലാവസ്ഥാ മാറ്റമെന്ന പ്രതിസന്ധിയെ നേരിടാൻ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനത്തിന്റെ പുതിയ മാതൃകയൊരുക്കി ഷാർജ. വരാനിരിക്കുന്ന തലമുറകൾക്കു കൂടി പ്രകൃതിവിഭവങ്ങളും സൗകര്യങ്ങളും കിട്ടാൻ പാകത്തിലുള്ള സുസ്ഥിരനഗര പദ്ധതിയാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയും (ശുറൂഖ്) ഡയമണ്ട് ഡെവലപ്പേഴ്സും ചേർന്നൊരുക്കുന്നത്. ഷാർജയുടെ വികസനത്തിനു ആക്കംകൂട്ടി സമ്പൂർണ സുസ്ഥിര നഗരപദ്ധതി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനാവരണം ചെയ്തു. ഈ വിധത്തിലുള്ള ഷാർജയിലെ ആദ്യ പദ്ധതിയാണിത്.
ഓരോ വ്യക്തിക്കും ഉന്നതനിലവാരത്തിൽ ജീവിക്കാനാവകാശമുണ്ട്. അതുകൊണ്ടാണ് ഇത്തരം പദ്ധതികൾ എമിറേറ്റിൽ തുടക്കംകുറിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, സസ്റ്റൈനബിൾ സിറ്റി സിഇഒ യൂസഫ് അൽ മുത്തവ, ഡയമണ്ട് ഡെവലപ്പേഴ്സ് സിഇഒ എഞ്ചിനീയർ ഫാരിസ് സയീദ്, മലയാളി വ്യവസായി ഡോ. എം.എ. യൂസഫലി അടക്കമുള്ള പ്രമുഖർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
7.2 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും യൂണിവേഴ്സിറ്റിയുടെയും സമീപപ്രദേശമായ അൽ റഹ്മാനിയയിലാണ് സസ്റ്റൈനബിൾ സിറ്റി ഒരുങ്ങുന്നത്. 200 ലക്ഷം (2 ബില്യൺ) ദിർഹം ചെലവഴിച്ചു നിർമിക്കുന്ന സുസ്ഥിര നഗരത്തിൽ 1120 ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതിസൗഹൃദ വില്ലകളുണ്ടാവും. ഷാർജക്കാരായ സ്വദേശികൾക്കും ഷാർജ സർക്കാരിന് കീഴിൽ ജോലിചെയ്യുന്ന വിദേശികൾക്കും വില്ലകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാം.
മൂന്നുമുതൽ അഞ്ച് കിടപ്പുമുറികൾവരെയുള്ള വില്ലകളിൽ വൈദ്യുതിസംരക്ഷണം ഉറപ്പുവരുത്തും.
വൈദ്യുതി ഉപഭോഗത്തിൽ നൂറു ശതമാനം വരെ കുറവ് വരുത്താൻ പാകത്തിലുള്ള സൗരോർജ പ്ലാന്റുകൾ പദ്ധതിയുടെ ഭാഗമാണ്. പുനരുപയോഗം എന്ന ആശയത്തിൽ ഒരുക്കുന്ന ജലവിതരണ സംവിധാനം വാട്ടർ ബില്ലിൽ അമ്പതു ശതമാനം കുറവ് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഷാർജയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നിർണായക പദ്ധതികളിലൊന്നാണ് സസ്റ്റൈനബിൾ സിറ്റി. എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തി, ഒരുമിച്ചു ഭാവിയിലേക്ക് വളരുക എന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താന്റെ കാഴ്ചപ്പാടിൽ ഊന്നിയാണ് ശുറൂഖ് ഇത്തരമൊരു പദ്ധതിക്കായി പ്രവർത്തിച്ചത്. കാലാവസ്ഥ മാറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സമകാലിക ലോക സാഹചര്യത്തിൽ ഇതുപോലെയുള്ള ആശയങ്ങൾ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് ” – ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു.
ഈ തലമുറയുടെ വളർച്ചക്ക് വേഗം കൂട്ടുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നതോടൊപ്പം വരുംതലമുറക്കായി പ്രകൃതി വിഭവങ്ങൾ കരുതിവെക്കുന്ന മഹത്തരമായ ആശയമാണ് സസ്റ്റൈനബിൾ സിറ്റിയെന്നും അതിൽ പങ്കാളികളാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എന്ന് ഡയമണ്ട് ഡെവലപ്പേഴ്സ് സിഇഒ എഞ്ചിനീയർ ഫാരിസ് സയീദ് പ്രതികരിച്ചു.
ജലമാലിന്യങ്ങൾ ശുദ്ധീകരിക്കുന്ന പ്ലാന്റുകളും പുതിയ നഗരത്തിലുണ്ടാവും. വില്ലകളോടുചേർന്നുള്ള കൃഷിസ്ഥലങ്ങളിൽ ശുദ്ധീകരിച്ച വെള്ളമായിരിക്കും ഉപയോഗിക്കുക. വില്ലകളിൽ താമസിക്കുന്നവർക്ക് ഉപയോഗിക്കാനുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും സമീപത്തെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കാനും ഹരിത വികസനപദ്ധതി എന്നുകൂടി വിശേഷിപ്പിക്കുന്ന സസ്റ്റൈനബിൾ സിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെസ്റ്ററന്റുകൾ, തിയേറ്ററുകൾ, ഹെൽത്ത് സെന്റർ, ജോഗിങ് ട്രാക്ക്, ഷോപ്പിങ് മാളുകൾ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും..
പദ്ധതി അനവരണത്തിന്റെ ഭാഗമായി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ സസ്റ്റൈനബിൾ സിറ്റിയുടെ ത്രീഡി രൂപം ഒരുക്കിയിരുന്നു. പദ്ധതിയുടെ സെയിൽസ് ഓഫീസ് ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിലാണ് പ്രവർത്തിക്കുന്നത്.