സത്യമപ്രിയം

ഈ നാട് ദൈവത്തിന്റെയോ ചെകുത്താന്റെയോ?

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

നമ്മുടെ കേരളത്തിന് എന്താണ് പറ്റിയത്? തൊടുപുഴയില്‍ അമ്മയുടെ രണ്ടാംഭര്‍ത്താവിന്റെ നിഷ്ഠൂരമായ മര്‍ദ്ദനത്തില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസ്സുകാരന്റെ ഒഴുകിപ്പടര്‍ന്ന് ഘനീഭവിച്ച കണ്ണീരിന്റെ തപം കേരളം മുഴുവന്‍ സൂര്യാതപമായി പടരുകയാണ്. രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടിയ പിഞ്ചുകുഞ്ഞിന്റെ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. കട്ടപിടിച്ച രക്തം നീക്കാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇനിയും കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുഞ്ഞിന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലാണ്. തലയോട്ടി ആറ് സെ.മീ നീളത്തില്‍ പൊട്ടിയിരിക്കുന്നു. ഏഴ് വയസ്സുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിലും വയറിലും മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലിലൂടെ വായു അകത്ത് കടന്നിട്ടുണ്ട്. ശരീരമാസകലം ചതഞ്ഞിട്ടുണ്ട്. ശരീരം മുഴുവന്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. കുട്ടിയുടെ നില ആശങ്കാജനകമായതിനെ തുടര്‍ന്ന് ഉന്നത വൈദ്യസംഘം പരിശോധിച്ചിരുന്നു. കുഞ്ഞിനെ കാലില്‍ പിടിച്ച് ചുഴറ്റി നിലത്തെറിയുകയായിരുന്നു രണ്ടാനച്ഛനായ അഭിനവ കംസന്‍ അരുണ്‍ ആനന്ദ്.

ആശുപത്രിയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ സഹോദരനായ നാലുവയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊടും ക്രൂരതയുടെ ദുരന്തകഥ പുറത്തുകൊണ്ടുവന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദിനൊപ്പം ഇടുക്കിയിലെ കുമാരമംഗലത്തേക്ക് താമസം മാറിവന്നതാണ് ഈ കുടുംബം. കഴിഞ്ഞ മെയിലാണ് കുട്ടികളുടെ അച്ഛന്‍ തിരുവനന്തപുരത്ത് വച്ച് മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുവാണ് ഇയാളെന്നാണ് യുവതി പറയുന്നത്. രാത്രി വൈകി നാലു വയസ്സുകാരനും ഏഴുവയസ്സുകാരനുമായ സഹോദരങ്ങളെ വീട്ടില്‍ അടച്ചിട്ട് പുറത്തുപോയതാണ് അച്ഛനും അമ്മയും. പുലര്‍ച്ചെ മടങ്ങിയെത്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൂത്രത്തിന്റെ നനവ് തട്ടിയ ആനന്ദ് എഴുന്നേറ്റ് കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇളയകുട്ടിയെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതിന് ഏഴുവയസ്സുകാരനെ രണ്ടാനച്ഛനായ തിരുവനന്തപുരം കവടിയാര്‍ നന്തന്‍കോട് കടവത്തൂര്‍ കാസില്‍ ഫ്‌ളാറ്റ് ഏ-3 യില്‍ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചത്. ആദ്യം കുട്ടിയുടെ അടിവയറ്റില്‍ ചവിട്ടി. ചവിട്ടുകൊണ്ട കുഞ്ഞ് തെറിച്ച് ചുവരില്‍ തലയിടിച്ച് വീഴുകയായിരുന്നു. കുട്ടിയെ കട്ടിലിലേക്ക് വലിച്ചെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. സ്റ്റീല്‍ അലമാരയുടെ മൂലയില്‍ ഇടിച്ചാണ് തലയോട്ടി പൊട്ടിയത്. തുടര്‍ന്ന് കുട്ടിയുടെ തലപിടിച്ച് കട്ടിലിന്റെ കാലില്‍ ഇടിച്ചു. നിലത്തുവീണ കുട്ടിയെ പലതവണ ചവിട്ടി. വാടകവീട്ടിലെ മുറികളിലൂടെ വലിച്ചിഴച്ചു. ആ സമയമൊക്കെ പൊട്ടിയ തലയില്‍ നിന്ന് ചോര ഒഴുകി പടരുകയായിരുന്നു. തടയാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയേയും നാല് വയസ്സുള്ള കുഞ്ഞിനെയും മര്‍ദ്ദിച്ചു. മുറി വൃത്തിയാക്കി ഇളയ കുഞ്ഞിനെ പൂട്ടിയിട്ടിട്ടാണ് മൂത്ത കുട്ടിയെയും കൊണ്ട് കട്ടിലില്‍ നിന്ന് വീണു എന്നുപറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്.

‘പപ്പിയെ അച്ഛ അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലില്‍ പിടിച്ച് വലിച്ചു. തറയില്‍ വീണ പപ്പി എണീറ്റില്ല. തറയില്‍ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ഛയും അമ്മയും കൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ നാലുവയസ്സുകാരനും പരിക്കുണ്ട്. രണ്ടാനച്ഛനായ അരുണിന് പരിക്കേറ്റപ്പോള്‍ നടക്കാന്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് കെട്ടിയ ഊന്നുവടിയാണ് കുഞ്ഞുങ്ങളെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചിരുന്നത്. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമ്മ കുട്ടി വീട്ടിനുള്ളില്‍ വീണതാണെന്നാണ് ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഒരു കൊലക്കേസ് അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. കുട്ടികളുടെ അമ്മ ബി ടെക് ബിരുദധാരിണിയാണ്. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് ആറുമാസമായപ്പോള്‍ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണിനടുത്തേക്ക് ഒളിച്ചോടി പോവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരുണിനോടൊപ്പം താമസിക്കാനാണ് താല്പര്യം എന്ന് കോടതിയില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവര്‍ തൊടുപുഴയില്‍ താമസത്തിനെത്തിയത്. ഈ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഇത്തരത്തില്‍ മാസങ്ങളായി നിഷ്ഠൂരമായി മര്‍ദ്ദിച്ചത് നാട്ടുകാരും അദ്ധ്യാപകരും അറിഞ്ഞില്ലെന്ന് പറയുമ്പോഴാണ് നമ്മള്‍ മലയാളികള്‍ പരാജയപ്പെടുന്നത്. മാസങ്ങളായി സ്വന്തം ക്ലാസ്സിലെ മറ്റ് കൂട്ടുകാരോട് പോലും ഒരക്ഷരം ഉരിയാടാതെ പകച്ച് കണ്ണീരടക്കിയിരുന്ന പിഞ്ചുകുഞ്ഞിന്റെ മുഖം തിരിച്ചറിയാത്ത അദ്ധ്യാപകര്‍ അദ്ധ്യാപക സമൂഹത്തിനുതന്നെ ശാപമാണ്. കൂട്ടുകാരോട് എന്റെ അച്ഛന്‍ മരിച്ചുപോയി എന്ന് മാത്രം പറഞ്ഞ് മൂകനായിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കഴിയാത്ത ആ സ്‌കൂള്‍ ഇടിച്ചു നിരത്തി ചൊറികണം നടുകയാണ് വേണ്ടത്.

ഈ കുഞ്ഞിന്റെ ദുരന്തം പുറത്തറിയാന്‍ ഇളയ കുഞ്ഞിന്റെ ചൈല്‍ഡ് ലൈനോടുള്ള മൊഴി വേണ്ടിവന്നു. ഓരോ കുഞ്ഞിന്റെയും ഉള്ളറിഞ്ഞിരുന്ന. സ്വന്തം പൊതിച്ചോറിന്റെ പങ്ക് പകുത്ത് നല്‍കിയിരുന്ന പഴയ അദ്ധ്യാപകരുടെ തലമുറ നിറം മങ്ങിയ കൊടിക്കൂറകളുടെ കീഴില്‍ ആട്ടിന്‍പറ്റത്തെ പോലെ മേയുന്ന യൂണിയനുകളുടെ ഉച്ഛിഷ്ടത്തില് വിഹരിക്കുകയാണ്. മഹാകവി പി കുഞ്ഞിരാമന്‍ നായരെ പോലെ കൊല്ലം എസ് എന്‍ കോളേജിലെ ശ്രീനിവാസന്‍ സാറിനെ പോലെ പ്രൊഫ. എസ്. ഗുപ്തന്‍ നായരെ പോലെ തുറവൂര്‍ വിശ്വംഭരനെ പോലെ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ പോലെ ഓരോ കുട്ടിയെയും നെഞ്ചിലേറ്റി നടന്ന അദ്ധ്യാപകരുടെ തലമുറ അന്യം നിന്നുപോയിരിക്കുന്നു. അങ്ങനെയൊരു അദ്ധ്യാപകനോ, അദ്ധ്യാപികയോ അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെപ്പോലെ പഠിപ്പിക്കുന്ന കുട്ടികളെ കാണുന്ന അദ്ധ്യാപകര്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഈ ദുരന്തം ഉണ്ടാവില്ലായിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് കുമളിയിലെ ഷെഫീക് എന്ന അഞ്ചുവയസ്സുകാരനും ഇതേ രീതിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു.

നൂറുശതമാനം സാക്ഷരതയും സ്ത്രീസാക്ഷരതയും ഉയര്‍ന്ന വിദ്യാഭ്യാസവും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മതില്‍ കെട്ടിയുറപ്പിച്ച നവോത്ഥാന മൂല്യങ്ങളും ഒക്കെയുണ്ടായിട്ടും എന്തേ കേരളത്തിന് വഴി പിഴയ്ക്കുന്നു എന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണകൂടത്തിനും ഉണ്ട്. മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ശാദ്വലമായ അടിത്തറയില്‍ ഉറച്ചുനിന്നിരുന്ന നമ്മുടെ പൂര്‍വ്വീക സമൂഹത്തില്‍ ഈ തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ശിക്ഷകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, കൂട്ടുകുടുംബത്തിലെ സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ അലിഞ്ഞുപോകുന്നതായിരുന്നു അവ. അദ്ധ്യാപകര്‍ സുകുമാരകവിയെപ്പോലെ ഓരോ ശിഷ്യരെയും കണ്ടറിഞ്ഞ് വളര്‍ത്തിയെടുത്തിരുന്നു. അന്ന് അവര്‍ക്ക് ഓശാന പാടാന്‍ യൂണിയനുകള്‍ ഇല്ലായിരുന്നു. ഇന്ന് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായി അദ്ധ്യാപനം ചുരുങ്ങുമ്പോള്‍ ഇത്തരം കുഞ്ഞുങ്ങളെ കണ്ടെത്താനോ ഒരു പൊതിച്ചോറ് പങ്കുവെയ്ക്കാനോ അവന്റെ കണ്ണീര്‍ തുടയ്ക്കാനോ നമുക്ക് കഴിയാതാകുന്നു. ഈ പിഞ്ചുകുഞ്ഞിന്റെ വേദനയും കണ്ണീരും കേരളം മുഴുവന്‍ മാറ്റൊലി കൊള്ളണം. ഇനിയും ഒരു കുഞ്ഞിനും ഇങ്ങനെയൊരു ദുരന്തമുണ്ടായിക്കൂടാ.

സമാനമായ മറ്റൊരു സംഭവം കൊല്ലം ജില്ലയിലുണ്ടായി. കൊല്ലത്തെ ഓയൂരില്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പട്ടിണിക്കിട്ട പെണ്‍കുട്ടി മരണമടഞ്ഞു. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാലിന്റെ ഭാര്യ കരുനാഗപ്പള്ളി അയണിവേലിയ്ക്കകത്ത് തെക്ക് തുഷാരയാണ് പട്ടിണിയില്‍ മരിച്ചത്. അസ്ഥികൂടം പോലെ മെലിഞ്ഞ യുവതിയ്ക്ക് 20 കിലോ ഭാരം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. തുഷാരയ്ക്ക് പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയുമാണത്രെ നല്‍കിയിരുന്നത്. ഭക്ഷണമില്ലാത്തതും ശാരീരികവും മാനസികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പട്ടിണിയ്ക്കിട്ട് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ചന്തുലാലിന്റെ അമ്മ ഗീതാ ലാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ നാട്ടുകാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. ഈ വീട്ടില്‍ നടക്കുന്ന അസ്വാഭാവികമായ കാര്യങ്ങളെ കുറിച്ച് പലതവണ നാട്ടുകാര്‍ പോലീസിനെ അറിയിച്ചതാണ്. പക്ഷേ, ശബരിമല അയ്യപ്പ ഭക്തരെ തടയാനും ഫെമിനിസ്റ്റ് രാക്ഷസികള്‍ക്ക് സംരക്ഷണം ഒരുക്കാനും നടന്ന നമ്മുടെ നവോത്ഥാന പോലീസും നവോത്ഥാന ഭരണകൂടവും അനങ്ങാപ്പാറ നയം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഈ പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്. സ്ത്രീധനം നിരോധിച്ചു, സ്ത്രീധനത്തിനെതിരെ രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്തുടനീളം ഊന്നിപ്പറഞ്ഞു. എല്ലാ ഫെമിനിസ്റ്റ് നേതാക്കളും ആഴ്ചയില്‍ വട്ടംകൂടി ചായകുടിച്ച് പിരിഞ്ഞു. ആയിരങ്ങള്‍ വിലയുള്ള വസ്ത്രങ്ങളുടെ മോടി പ്രദര്‍ശിപ്പിച്ച്, ഇടയ്ക്കിടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നവോത്ഥാനം ചര്‍ച്ച ചെയ്ത്, സെല്‍ഫിയെടുത്ത്, ഫോട്ടോ പത്രത്തില്‍ കൊടുത്ത്, ചാനലുകള്‍ക്കു മുന്നില്‍ വായറ്റം പിളര്‍ന്ന് ചിരിച്ച് മടങ്ങി. പിന്നെ ആര്‍ത്തവം ആഘോഷമാക്കി ആര്‍ത്തവിരാമത്തിന്റെ വിഹ്വലതകളെ കുറിച്ച് കോഴിക്കോട്ടെ രണ്ട് ‘മ’ പ്രസിദ്ധീകരണങ്ങളില്‍ തുടങ്ങി എല്ലാത്തിലും നരേന്ദ്രമോദിയ്‌ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞ് കഴുതക്കാമം കരഞ്ഞുതീര്‍ത്തു. ഈ തരത്തിലുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ കണ്ണീരൊപ്പാന്‍ അവരുടെ ജീവിതങ്ങളെ അറിയാന്‍ നെയില്‍പോളിഷും ലിപ്സ്റ്റിക്കും വാങ്ങുന്ന പണമെങ്കിലും ഒരുപൊതി ചോറിന് ചെലവഴിക്കാത്ത ഗര്‍ദ്ദഭജന്മങ്ങള്‍ നവോത്ഥാനത്തെ കുറിച്ചും നവോത്ഥാനമൂല്യങ്ങളെ കുറിച്ചും സ്ത്രീ വിമോചനങ്ങളെ കുറിച്ചും വാചാലരാകുന്നു. തന്റെ കുടുംബത്തിന്റെ കുറഞ്ഞ വരുമാനത്തില്‍ നിന്ന് തെരുവോരങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് പൊതിച്ചോറുമായെത്തുന്ന അശ്വതി ജ്വാലയുടെ കാലു കഴുകാനുള്ള യോഗ്യതയെങ്കിലും നവോത്ഥാന മൂല്യങ്ങളെ കുറിച്ച് പ്രസംഗിച്ച് നടക്കുന്ന വിമോചക പുഴുക്കള്‍ക്കുണ്ടോ? അല്പത്തരത്തിന് പി എച്ച് ഡി വാങ്ങിയവരാണ് ഇവരിലേറെയും. ഭര്‍ത്താവ് ശബരിമലയുടെ മുകളില്‍ കൊണ്ടു നിര്‍ത്തിയ വിമാനത്തില്‍ അയ്യപ്പദര്‍ശനം നടത്തിയെന്ന് പറഞ്ഞ പൊങ്ങച്ച സഞ്ചിയാണ് ഇപ്പോള്‍ തലസ്ഥാനത്തെ നവോത്ഥാന താരം. ഇവര്‍ക്കാര്‍ക്കും സാധാരണക്കാരുടെ വേദന അറിയില്ല.

ഓലക്കുടിലുകളിലും ഇടത്തരക്കാരുടെ ഇടയിലും കഷ്ടതയനുഭവിക്കുന്ന, പാവങ്ങളുടെ ജീവിതത്തിന് പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിയുന്നതാണ് നവോത്ഥാനമെന്ന് ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയണം. ഈ പെണ്‍കുട്ടി നരകയാതന അനുഭവിക്കുന്നുവെന്ന് അറിയിച്ചിട്ടും ഒന്ന് തിരിഞ്ഞ് നോക്കാതെ മരണത്തിന് വിട്ടുകൊടുത്ത പൂയപ്പള്ളി പോലീസിനെതിരെയാണ് ആദ്യം നരഹത്യയ്ക്കും കൃത്യവിലോപത്തിനും കേസെടുക്കേണ്ടത്. ഇത്രയും വര്‍ഷത്തിനിടയില്‍ ഈ പെണ്‍കുട്ടിയെ രക്ഷിച്ച് കൊണ്ടുപോകാനുള്ള തന്റേടം കാണിക്കാത്ത വീട്ടുകാരെയും പറയാതിരിക്കാനാകില്ല.

ഗ്രാമസഭകളും വാര്‍ഡ് സഭകളും മുതല്‍ എം എല്‍ എയും എം പിയും വരെയുള്ള സംവിധാനം കൂടുതല്‍ ജനോന്മുഖമായില്ലെങ്കില്‍ ജനവികാരം അറിഞ്ഞില്ലെങ്കില്‍ ഈ തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഇനിയും ആവര്‍ത്തിക്കും. മൂല്യങ്ങളില്‍ നിന്നും, നമ്മുടെ സംസ്‌കാരത്തില്‍ നിന്നും, പാരമ്പര്യത്തില്‍ നിന്നും അകലുന്നതാണ് അടിസ്ഥാനപ്രശ്‌നമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കുടുംബകോടതികളില്‍ കുന്നുകൂടുന്ന വിവാഹമോചനക്കേസുകളും തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയുടേത് പോലുള്ള ബന്ധങ്ങളും ഓയൂരിലെ സ്‌ക്രീധനപീഡനവും പട്ടിണിക്കിട്ട് കൊലചെയ്യലും കേരളസമൂഹത്തിന്റെ പുതിയ രോഗലക്ഷണങ്ങളാണ്. അനിവാര്യമായ ചികിത്സ മാത്രം പോരാ, പ്രതിരോധ കുത്തിവെയ്പും ഉണ്ടായേ കഴിയൂ. എല്ലാ സമുദായ സംഘടനകളും ഇതിനായി രംഗത്തുവരണം. പോളിയോക്കുള്ള മരുന്നുപോലും കൊടുക്കുന്നത് ഹറാമാണെന്ന് പ്രചരിപ്പിക്കുന്ന മതാന്ധന്മാരെ തുറുങ്കിലടയ്ക്കാനുള്ള ഇച്ഛാശക്തി കൂടി സര്‍ക്കാരിനുണ്ടാകണം.

ജികെ സുരേഷ് ബാബു

ജനം ടിവി ചീഫ് എഡിറ്റർ

682 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close