ചെന്നൈ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. നിരോധനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്താനാകുമോയെന്ന് കേന്ദ്രത്തോടും കോടതി ചോദിച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നതും, ആവശ്യമില്ലാത്ത ഉള്ളടക്കങ്ങള്‍ വരുന്നതിനാലും ടിക് ടോകിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികളെയാണ് ടിക് ടോക് വീഡിയോകള്‍ ഏറ്റവും അധികം ബാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ചാനലുകളിലുള്‍പ്പെടെ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ജസ്റ്റിസ് എന്‍.കിരുബകരന്‍, ജസ്റ്റിസ് എസ് എസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. മോശമായ ഉള്ളടക്കവും, ഇന്ത്യന്‍ സംസ്കാരത്തെ താഴ്ത്തി കാണിക്കുകയുമാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. വളരെ ഗുരുതരമായ സ്ഥിതി വിശേഷമാണിത്. കൗമാരക്കാരും യുവാക്കളുമാണ് ഇന്ന് ടിക് ടോക് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇത് ഇവരില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തെ ഇത് വളരെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഈ മാസം 16ന് കോടതി കൂടുതല്‍ വാദം കേള്‍ക്കും.
മുന്‍പ് ബ്ലുവെയില്‍ ഗെയിമും കേന്ദ്രം നിരോധിച്ചിരുന്നു. യുവാക്കളേയും കൗമാരക്കാരേയും ഇത് ആത്മഹത്യയിലേക്ക് നയിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബ്ലൂവെയില്‍ നിരോധിച്ചത്. സമാനമായ രീതിയില്‍ ഇന്ത്യയിലും ടിക് ടോക് നിരോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് നിര്‍മിത ആപ്ലിക്കേഷനായ ടിക് ടോകിന് ഇന്ത്യയിലടക്കം 104 മില്ല്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. ഇന്തൊനേഷ്യ, അമേരിക്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതിന് നിരോധനമുണ്ട്. കുട്ടികള്‍ ടിക് ടോക് പിന്തുടര്ന്ന് സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുവെന്ന നിരീക്ഷണത്തിലാണ് പലയിടത്തും നിരോധനമേര്‍പ്പെടുത്തിയത്.