ന്യൂഡല്‍ഹി: ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈല്‍ ടെസ്റ്റിന്റെ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തകരാറുണ്ടാക്കുമെന്ന നാസയുടെ വാദങ്ങളെ തള്ളി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ഉപദേഷ്ടാവ് തപന്‍ മിശ്ര. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന യാതൊന്നും നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചെയ്യില്ല. മിഷന് ശക്തിയുടെ ഭാഗമായി വരുന്ന അവശിഷ്ടങ്ങള്‍ ആറ് മാസത്തിനുള്ളില്‍ എരിഞ്ഞു തീരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ഓപ്പണ്‍ ഫോറത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ കല്ല്യാണത്തിന് ചിലപ്പൊള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും ഭക്ഷണം മോശമാണെന്നാകും പറയുക. നമ്മള് വ്യത്യസ്തമായിട്ട് എന്തെങ്കിലും ചെയ്താലുടനെ നമുക്കൊരു ഹാരം കിട്ടണമെന്നില്ല. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ബഹിരകാശത്ത് 300 കിലോമീറ്റര്‍ ഉയരത്തില്‍ വായുമര്‍ദ്ദം വളരെ കുറഞ്ഞിരിക്കുന്ന ഒരു സ്ഥലത്താണ് ഇത് സംഭവിച്ചിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ എല്ലാം എരിഞ്ഞു തീരുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ചൈന 800 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു പരീക്ഷണം നടത്തി. അവിടെ വായുമര്‍ദ്ദം അധികമൊന്നും ഉണ്ടായില്ല. എന്നിട്ടും അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബഹിരാകാശത്ത് പറക്കുന്നുണ്ട്. മിശ്ര പറഞ്ഞു.
നാസ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ജിം ബ്രിണ്ടെന്സ്റ്റൈന് ഐഎസ്ആര്‍ഒ ദൗത്യത്തിനെതിരെ കഴിഞ്ഞ ദിവസം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ലൈവ് സാറ്റലൈറ്റ് 400 കഷണങ്ങളായെന്നും, ഇതില്‍ പലതും ലോ ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങള്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിനും ഭീഷണിയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ചിതറിയ ചില കഷണങ്ങള്‍ ബഹിരാകാശ നിലയത്തിന് മുകളില്‍ പോയിട്ടുണ്ട്. ഇതെല്ലാം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബഹിരാകാശ യാത്രികര്‍ക്കും ഭീഷണിയാണ്. ഭാവിയിലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഈ മാലിന്യം വലിയ ഭീഷണി ഉയര്‍ത്തും. 2007ല്‍ ചൈന ഇത്തരത്തില്‍ നടത്തിയ ഒരു പരീക്ഷണം ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റിനെക്കാള്‍ ഗുരുതരമായ അപകടസാധ്യത ഉയര്‍ത്തിയിരുന്നുവെന്നും ജിം ആരോപിച്ചിരുന്നു.
ബഹിരാകാശത്ത് പ്രത്യാഘാതമുണ്ടാകാത്ത രീതിയില്‍ എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നതായും മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവുകള്‍ വ്യക്തമായി മനസിലാക്കിക്കൊണ്ടു തന്നെയാണ് പറയുന്നത്. അവരിത് വളരെ ശരിയായ രീതിയില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. അവരൊരിക്കലും ഇന്ത്യയെ തലതാഴ്ത്തിക്കുന്ന ഒരു പ്രവൃത്തി ചെയ്യില്ല. 300 കിലോമീറ്റര്‍ റെയ്ഞ്ചിനുള്ളില്‍ തന്നെ എല്ലാ അവശിഷ്ടങ്ങളും കത്തി തീരുമെന്നും മിശ്ര പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ദൗത്യത്തിന് ശേഷം വരുന്ന ബഹിരാകാശ മാലിന്യങ്ങള്‍ വളരെ വലുതാണ്. അതിപ്പോഴും അവിടെ തന്നെ നില്‍ക്കുകയാണ്. അത്തരം പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ കണ്ടാല്‍ സാറ്റലൈറ്റിന്റെ ഗതി മാറ്റി വിടും. എല്ലാ രാജ്യങ്ങളും പരസ്പര സഹകരണത്തിലാണ് ഈ കാര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. എല്ലായ്പ്പോഴംു റഡാറുകളിലൂടെയും, ക്യാമറകളിലൂടെയും, ടെലിസ്കോപ്പുകളിലൂടെയും ഈ നീക്കങ്ങല്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തിന് ദോഷം വരുന്ന യാതൊന്നും ഇന്ത്യ മനപൂര്‍വം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.