ഹൈദരാബാദ്: കാണാതായ മകനെ എട്ടുവര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചതിന്റെ നിര്‍വൃതിയില്‍ ഒരമ്മ. തുണയായതോ ഫേസ്ബുക്കും. മകന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ കണ്ട അമ്മയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മകന്റെ തിരോധാനത്തിന്റെ ചുരുള്‍ അഴിയാതെ നീറിക്കഴിഞ്ഞിരുന്ന അമ്മയ്ക്ക് ആ കാഴ്ച ആശ്വാസത്തിന്റെ തെളിനീരായിരുന്നു.
2011 ലാണ് സൂസന്നയ്ക്ക് തന്റെ മകനെ നഷ്ടമാകുന്നത്. മകനായ ദിനേശ് ജേനയെ കാണാനില്ലെന്ന് അന്ന് ഖുഷൈഗുഡ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് വിപുലമായ അന്വേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
വര്‍ഷങ്ങളായി മകനെ തിരഞ്ഞ അമ്മ അവിചാരിതമായാണ് മകന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണുന്നത്. ഉടന്‍ രാച്ചകൊണ്ട പോലീസില്‍ പരാതി നല്‍കുകയും പോലീസ് അക്കൗണ്ടിന്റെ ഐപി വിലാസം കണ്ടെത്തുകയും ചെയ്തു. വിലാസം പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ റാണകലാ ഗ്രാമത്തിലേതാണെന്ന് തെളിഞ്ഞു.
ഉടന്‍ പോലീസ് റാണകലാ ഗ്രാമത്തിലെത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ മകനെ തിരികെ ലഭിച്ചതില്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു.
സാമൂഹിക മാധ്യമങ്ങളുടെ ദൂഷ്യഫലങ്ങള്‍ മാത്രമേ പലപ്പോഴും വിലയിരുത്താറുള്ളൂ. എന്നാല്‍ വ്യക്തിയുടെ തിരോധാനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ ചിലവു കുറഞ്ഞ രീതിയിലുള്ള വിനിമയം പ്രത്യേകിച്ചും വിദേശത്തുള്ളവരുമായി നടത്തുന്നവയ്ക്കെല്ലാം പലപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടാറുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന രീതിയും വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആശ്രയിച്ചിരിക്കും ഇവയുടെ ഗുണദോഷങ്ങള്‍.