ന്യൂഡൽഹി: ബിജെപിക്ക് ശത്രുക്കളില്ല, എതിരാളികളേ ഉള്ളൂവെന്ന് മുതിർന്ന നേതാവ് എൽ കെ അദ്വാനി. രാഷ്ട്രീയമായി വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ശത്രുക്കളായി കാണാറില്ല. ആദ്യം രാജ്യം, പിന്നീട് പാർട്ടി, അതിന് ശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവർത്തിച്ചത്. ഇനിയങ്ങോട്ടും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മപരിശോധന നടത്താനുള്ള അവസരം കൂടിയാണിത്. 1991 മുതല്‍ ആറുതവണ തന്നെ ലോക്സഭയിലെത്തിച്ച ഗാന്ധിനഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്വാനി പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകർക്കുള്ള സന്ദേശമായാണ് അദ്വാനി ബ്ലോഗ് എഴുതിയത്.
അദ്വാനിയെപ്പോലെയുള്ള മഹത്തുക്കൾ ശക്തിപ്പെടുത്തിയ പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപിയുടെ തത്വങ്ങളെ അദ്വാനി സമഗ്രമായി സംഗ്രഹിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.