ചെന്നൈ: ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 130 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം അണ്ണാ സര്‍വകലാശാല റദ്ദാക്കി. സര്‍വകലാശാല സമിതി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 130 പേരോടും വീണ്ടും പരീക്ഷയെഴുതണമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 2017 നവംബര്‍, 2018 ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ പരീക്ഷകളിലാണ് ക്രമക്കേട് നടന്നതായി തെളിഞ്ഞത്. തോറ്റ വിഷയങ്ങള്‍ എഴുതുന്നതിനായി നടത്തിയ സേ പരീക്ഷയിലാണ് ചില ജീവനക്കാരുടെ സഹായത്തോടെ കുട്ടികള്‍ തിരിമറി നടത്തിയത്.
ഹാളില്‍ നിന്ന് ലഭിച്ച ഉത്തരക്കടലാസിന് പകരം ശരിയായ ഉത്തരങ്ങളെഴുതിയ പേപ്പര്‍ തിരുകി കയറ്റിയായിരുന്നു തട്ടിപ്പ്. ഇതിനായി ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 15000 മുതല്‍ 40000 രൂപ വരെ ജീവനക്കാര്‍ ഈടാക്കിയതായും തെളിവുകള്‍ ലഭിച്ചു. നിരവധി വിഷയങ്ങളില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥി ഒറ്റത്തവണ പരീക്ഷയെഴുതി എല്ലാ വിഷയങ്ങളിലും ജയിച്ചതോടെ സംശയം തോന്നിയ ഒരു അധ്യാപകന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പ് നടത്തുന്നതിന് കൂട്ടു നിന്ന താത്കാലിക ജീവനക്കാരെയും സര്‍വകലാശാല പുറത്താക്കി.