കുവൈറ്റ് സിറ്റി – നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുക എന്ന നമോ എഗൈന്‍ ക്യാന്പയിന്റെ ഭാഗമായാണ് കുവൈറ്റില്‍ ഭാരതീയ പ്രവാസി പരിഷത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. വിവിധ ഏരിയകളിലായി നടന്നുവരുന്ന വീണ്ടും നമോ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ പങ്കെടുത്തത്.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പേരില്‍ അബുഹലീഫയില്‍ നടന്ന പരിപാടി ബി.പി.പി. പ്രസിഡന്റ് അഡ്വ.സുമോദ്, ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്, തെരഞ്ഞെടുപ്പ് കൺവീനർ ബിനോയ് സെബാസ്റ്റ്യൻ, വിവിധ ഭാഷ കൺവീനർ രാജ് ഭണ്ഡാരി, സ്ത്രീശക്തി ജനറൽ സെക്രട്ടറി വിദ്യാ സുമോദ്, ഫഹാഹീൽ ഏരിയ പ്രസിഡന്റ് രാജിവ്, മുഖ്യാതിഥിയായെത്തിയ അധ്യാപിക ഗായത്രി രവീന്ദ്രന് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് എത്തിയവർ മോഡി സർക്കാർ തങ്ങളുടെ സംസ്ഥാനങ്ങളിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഭാരതീയ പ്രവാസി പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന നമോ എഗൈന്‍ ടി ഷര്‍ട്ടുകളുടെ സ്റ്റാളിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടന്നു.