അബുദാബിയിൽ കെട്ടിടങ്ങൾ അനധികൃതമായി വാടകക്ക് നൽകുന്ന നിയമലംഘകർപ്പ് പതിനായിരം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക. നിയമലംഘനം ആവർത്തിച്ചാൽ ഇരുപത് ലക്ഷം ദിർഹം വരെയായി പിഴയുയർത്തും. അബുദാബിയിൽ വില്ലകളിലും ഫ്ലാറ്റുകളിലും അനധികൃതമായി താമസിച്ചിരുന്ന 800 ഓളം ആളുകളെയാണ് കഴിഞ്ഞ ജൂണിൽ പുറത്താക്കിയത്. മുഴുവനായോ, ഭാഗികമായോ പൊളിച്ച് നീക്കാനുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നതിനും വാടകക്ക് നൽകുന്നതിനും നിയമത്തിൽ വിലക്കുണ്ട്. കെട്ടിട ഉടമകൾ നിയമത്തെക്കുറിച്ച് മനസിലാക്കുകയും അനധികൃത ഇടപാടുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. വില്ലകൾ പല വിഭാഗങ്ങളായി തരം തിരിച്ച് ഒന്നിലധികം കുടുംബങ്ങൾക്ക് വാടകക്ക് നൽകുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും . അനധികൃതമായി ആളുകൾ എത്തുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളുടേതടക്കമുള്ളവയുടെ അശാസ്ത്രീയമായ ഉപയോഗത്തിന് കാരണമാവും. ഇത് അഗ്നിബാധയടക്കമുള്ള സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്.