കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രാഘവന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. രാഘവന് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ഡിജിപിക്ക് കൈമാറിയ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി എടുക്കുന്നത്. മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും രാഘവന് ഹാജരായിരുന്നില്ല. തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നാകെ ഹാജരായത്.
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘത്തോട് എംകെ രാഘവന് കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ദേശീയ ചാനല്‍ പുറത്ത് വിട്ടത്. ഹോട്ടല്‍ തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം നല്കാന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എംകെ രാഘവനെതിരായ ആരോപണം. ഒരു കണ്‍സല്‍ട്ടന്‍സി കമ്പനിയില്‍ നിന്നുള്ള ആള്‍ക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം എംപിയെ സമീപിച്ചത്. സ്ഥലം നല്‍കുന്നതിന് പാരിതോഷികം എന്തു വേണമെന്ന ചോദ്യത്തിന് പണമായി നല്കിയാല് മതിയെന്നായിരുന്നു എംപിയുടെ മറുപടി. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്നും രാഘവന് വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്.
അതേസമയം, ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ സിപിഎം നേതൃത്വമാണെന്നും എംകെ രാഘവന് പറഞ്ഞു. തനിക്കെതിരായ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ്. സിപിഎമ്മിനെതിരേയും ദേശാഭിമാനിക്കെതിരെയും നിയമപരമായി മുന്നോട്ട് പോകും. തന്റെ ശബ്ദം ഡബ് ചെയ്തു ഉപയോഗിക്കുകയായിരുന്നുവെന്നും രാഘവന് പറഞ്ഞിരുന്നു.