ഇടുക്കി: വേനല്‍ കടുത്തതോടെ തേക്കടിയിലെ വനവാസി മേഖലയായ മന്നാക്കുടിയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. മന്നാക്കുടിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതി നടപ്പിലാക്കിയെങ്കിലും കരാറുകാരന് ഗുണനിലവാരമില്ലാത്ത പൈപ്പും ടാപ്പുകളും പദ്ധതിക്കായി ഉപയോഗിച്ചതാണ് വനവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അന്ന് തന്നെ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയതോടെ പൈപ്പുകളില്‍ 13 ഇടങ്ങളിലാണ് പൊട്ടലുകള്‍ ഉണ്ടായത്. പഞ്ചായത്ത് അധികാരികള്‍ കരാറുകാരനോട് പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താല്‍ക്കാലിക അറ്റക്കുറ്റ പണികള്‍ മാത്രമാണ് നടത്തിയത്.
ഗുണനിലവാരം കുറഞ്ഞ ടാപ്പുകള്‍ ഒടിഞ്ഞു പോകുകയാണ് ഇപ്പോള്‍. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് മന്നാക്കുടിക്കാര്ക്ക് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വെള്ളം നല്‍കുന്നത്. വാട്ടര്‍ അതോറിറ്റി കൃത്യമായ സമയക്രമം പാലിക്കാറില്ലെന്നും ഇവര്‍ പറയുന്നു. നാനൂറോളം വനവാസി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കുടികളിലെ ആളുകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ജലം എത്തിക്കുന്നത്. ചൂട് കൂടിയതോടെ കുടിക്കാരുടെ ഏക ആശ്രയമായ ജലശ്രോതസുകളും വറ്റി വരണ്ടിരിക്കുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 500 ലിറ്ററിന് 750 രൂപ മുടക്കിയാണ് കുടിയിലെ ആളുകള്‍ വെള്ളമെത്തിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമെന്നത് മാറ്റി എല്ലാം ദിവസവും ഏതാനും മണിക്കൂര്‍ ജലം എത്തിക്കണമെന്നതാണ് ആളുകളുടെ ആവശ്യം.