തൊടുപുഴ: ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ലഹരി മാഫിയയുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന അരുണ്‍ ലഹരി വസ്തുക്കളുടെ വിപണനത്തിന് യുവതിയെ മറയാക്കിയിരുന്നോയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.
യുവതിയും അരുണും രാത്രികാലങ്ങളില്‍ കാറില്‍ സ്ഥിരമായി യാത്രകള്‍ നടത്താറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ തനിച്ചാക്കി വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെ പുറത്തു പോകുന്ന അരുണും യുവതിയും പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിയിരുന്നത്. ഈ സമയം അരുണ്‍ മദ്യപിച്ച് അവശ നിലയിലായിരിക്കുന്നതിനാല്‍ യുവതിയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.
തൊടുപുഴ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ പല പ്രാവശ്യം പോലീസും ഇവരെ കണ്ടിരുന്നു.
അരുണിന്റെ കാറിനുള്ളില്‍ നിന്നും മഴുവും പാറക്കല്ലുകളും മദ്യക്കുപ്പികളും മറ്റും പോലീസ് കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് വിഭാഗം പരിശോധിച്ചു വരുന്നു. കാര്‍ ഇപ്പോള്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം, കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പ്രതി അരുണ്‍ ആനന്ദിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി. വധശ്രമം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ മൊഴി കേസിന്റെ അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി കെ.പി.ജോസ് രേഖപ്പെടുത്തും. കുട്ടിയുടെ അമ്മയേയും വീണ്ടും ചോദ്യം ചെയ്യും. ഇവരില്‍ നിന്നും കോടതി ഇതു വരെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
അരുണിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പത്ത് ദിവസത്തോളം കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ച നിലയിലായിരുന്നു. എന്നാല്‍ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാണ് വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിച്ചിരുന്നത്. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കുട്ടികളെ രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പോലീസ് ചുമത്തിയിരുന്നു.