തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ താക്കീത്. വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന പ്രസ്താവന നടത്തിയതിനാണ് താക്കീത്.
ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ദേവസ്വം മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കണ്ണൂരിലെ പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് കടകംപള്ളി പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന വിവാദ പരാമര്‍ശം നടത്തിയത്.
ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കും. ഇക്കാര്യം പെന്ഷന് വാങ്ങുന്നവരോട് പറഞ്ഞില്ലെങ്കില്‍ ബിജെപിയും കോണ്‍ഗ്രസും അവരെ തെറ്റിദ്ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ പണവും വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ട് മുകളിലൊരാളുണ്ടെന്ന് ഓര്‍മ്മ വേണമെന്നും കടകംപള്ളി പ്രസംഗത്തില്‍ പറഞ്ഞു.
നിരീശ്വരവാദിയെന്ന് സ്വയം അവകാശപ്പെടുന്ന കടകംപള്ളി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ടിന് വേണ്ടി ദൈവത്തിനെ കൂട്ടുപിടിച്ചത് വലിയ വിവാദമായിരുന്നു.