മലപ്പുറം:മലപ്പുറം എടപ്പാളില്‍ 11 വയസ്സുകാരിയായ നാടോടി പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്പിച്ച സംഭവത്തില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം സി.രാഘവന് റിമാന്‍ഡില്‍. പൊന്നാനി കോടതിയുടേതാണ് നടപടി. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്.
അതേസമയം, രാഘവനെതിരെ പാര്‍ട്ടി നടപടിയുണ്ടാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെന്നും പെണ്‍കുട്ടിക്ക് വീഴ്ചയിലാണ് പരിക്കേറ്റതെന്നും ആക്രി സാധനങ്ങള്‍ എടുക്കുന്നത് തടയുകമാത്രമാണ് രാഘവന് ചെയ്തതെന്നും മോഹന്‍ ദാസ് പറഞ്ഞു. സി. രാഘവന്റേത് സ്വാഭാവിക നടപടിയാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ഇന്നലെ രാവിലെയാണ് ആക്രി പെറുക്കുന്നതിനിടെ
പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. തടയാനെത്തിയ മറ്റൊരു യുവതിക്കും പരുക്കേറ്റിരുന്നു. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് രാഘവന്.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രി പെറുക്കാനെത്തിയ കുട്ടിയെ ചാക്ക് കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നെറ്റിയില്‍ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാഘവനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.